നേരിയ രീതിയിൽ കോവിഡ് കേസുകൾ ഉയരുന്നു; എല്ലാവരും മാസ്ക് ധരിക്കണം: മന്ത്രി വീണാ ജോർജ്

single-img
12 April 2023

സമീപ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ‍ർജ്ജ്. നേരിയ രീതിയിൽ കേസുകൾ ഉയരുന്നതായും മാസ്ക് ധരിക്കണമെന്നും മന്ത്രി ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുന്നറിയിപ്പ് നൽകി.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്നു പറഞ്ഞ മന്ത്രി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വകുപ്പ് നിരന്തരം യോഗങ്ങൾ നടത്തുന്നതായും വ്യക്തമാക്കി.

ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവർ കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് നിർബന്ധമായും ധരിക്കണം. കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം നേരിയ രീതിയിൽ കൂടുന്നുണ്ട്. ഇതിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റർ ഉപയോഗത്തിലും കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗമുള്ളവർ എന്നിവർ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.