പുറത്താക്കൽ നടപടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹുവ മൊയ്‌ത്രയെ സഹായിക്കും: മമത ബാനർജി

single-img
23 November 2023

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കുന്നത് ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. അധാര്മികമായ ഈ പുറത്താക്കൽ നടപടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൊയ്‌ത്രയെ സഹായിക്കുമെന്നും മമത പറഞ്ഞു.

നിലവിലെ ലോകസഭാ അംഗമായ മൊയ്ത്രയ്‌ക്കെതിരെ ‘ചോദ്യത്തിന് കൈക്കൂലി’ ആരോപണങ്ങൾ ഉയർന്ന ശേഷം ആദ്യമായാണ് മമത പ്രതികരിക്കുന്നത്. ഇപ്പോൾ രാജ്യത്തെ വിവിധ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജൻസികൾ 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്നാലെ പോകുമെന്നും കേന്ദ്രത്തിലെ ഈ സർക്കാർ മൂന്ന് മാസം കൂടി ഉണ്ടെന്നും മമത പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ ആഴ്ചകളോളമുള്ള മൗനത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് അയോഗ്യയാക്കാൻ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തതിന് പിന്നാലെയാണ് മമതയുടെ പരാമർശം.