ദേശീയ പാതയോരങ്ങളില്‍ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ വസ്തുതകള്‍ പറയേണ്ടിവരും: വി മുരളീധരൻ

single-img
7 January 2024

സംസ്ഥാന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘കേന്ദ്രസർക്കാർ ഞെരുക്കുന്നു’ എന്ന് പറയുന്നവര്‍ക്ക് മറുപടി പറയുകയാണ് ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ ചെയ്തതെന്ന് അദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതികള്‍ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളില്‍ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ വസ്തുതകള്‍ പറയേണ്ടിവവരുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികളുടെ ഉദ്ഘാടനത്തില്‍ രാഷ്ട്രീയം പറയരുത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു . ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ കേന്ദ്ര സര്‍ക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ രാഷ്ട്രീയ പരിപാടികള്‍ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അത് ആദ്യം ക്ലിഫ് ഹൌസില്‍ പോയി പറയട്ടെ എന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയുടെ സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.