മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു

single-img
5 December 2024

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ, എൻസിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്‍ഡിഎ മുഖ്യമന്ത്രിമാർ കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ തെരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകളുടെ കേവല ഭൂരിപക്ഷം മഹായുതിക്ക് ലഭിച്ചിട്ടും സത്യപ്രതിജ്ഞ രണ്ടാഴ്ചയോളം നീണ്ടു. ഇപ്പോഴും മുഖ്യമന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മാത്രമാണ് സ്ഥാനമേറ്റത്. മന്ത്രിസഭാംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 43 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉണ്ടാകുക.

2022 മുതൽ മുഖ്യമന്ത്രിയായി തുടരുന്ന ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹായുതി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ അഭിപ്രായവ്യത്യാസം വന്നതോടെ ഷിന്‍ഡെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ മന്ത്രിസഭാ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. തിരിച്ചുവന്ന ശേഷം ചര്‍ച്ചകള്‍ പുനരാരംഭിച്ച ശേഷം അവസാന മണിക്കൂറിലാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയാകാന്‍ സമ്മതം മൂളിയത്.

2014ൽ 122 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഫഡ്‌നാവിസ് ആയിരുന്നു മുഖ്യമന്ത്രി കസേരയില്‍. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടര്‍ന്നു. 2019ല്‍ മുഖ്യമന്ത്രി ആയെങ്കിലും 72 മണിക്കൂർ മാത്രമാണ് സർക്കാർ നീണ്ടുനിന്നത്. ശിവസേന ഉടക്കിയതോടെയാണ് സര്‍ക്കാര്‍ താഴെപോയത്. ഉദ്ധവ് താക്കറെ ശരത് പവാറിനെ കൂട്ടുപിടിച്ച് മഹാവികാസ് അഘാഡി രൂപീകരിച്ചാണ് പിന്നീട് ഭരണം തുടര്‍ന്നത്. ശിവസേനയെ പിളര്‍ത്തിയാണ് മഹായുതി സഖ്യം ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നത്. ആ ഭരണതുടര്‍ച്ചയിലാണ് മഹായുതി വീണ്ടും അധികാരത്തില്‍ എത്തിയത്.