വ്യാജ വാര്‍ത്ത ; ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് അഭിമുഖം നടത്തി വ്യാജ വാര്‍ത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തു. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിൽ പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പോലീസ് കേസില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യുസഫ് എന്നിവർ ഉൾപ്പെടെ 4 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വർഷം നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു. സഹപാഠികള്‍ തന്നെ ലൈംഗികമായി ചൂഷണംചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നും ചാനലിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനി പറയുന്നുണ്ട്.