സുരേഷ്‌ഗോപിക്കെതിരെ സലിംകുമാറിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്ററുകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
11 July 2024

സിനിമാതാരം സലിംകുമാറിന്‍റെ പേരിൽ വ്യാജമായി പോസ്റ്ററുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. “എനിക്ക് സഹോദര തുല്യനായ സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ്.

പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു”,എന്നാണ് സലിം കുമാർ പറഞ്ഞത്.