ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ


ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ചതിന് ഇറ്റലിയില്‍ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം തേടാനും ഇയാള്‍ ഈ വ്യാജ വാട്സാപ് ഉപയോഗിച്ചിരുന്നു.
22കാരനായ ഗഗന്‍ദീപ് സിംഗ് ആണ് അറസ്റ്റിലായത്. ഇയാള്‍ കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് താമസം. ഇന്ത്യയില്‍ ഒമ്ബതാം ക്ലാസ് വരെ പഠിച്ച ഗഗന്‍ദീപ് ഇറ്റലിയില്‍ നിന്ന് 12-ാം ക്ലാസ് പാസായി, അവിടെ ഒരു കമ്ബനിയില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. നിരവധി യൂ ട്യൂബ് വീജിയോകള്‍ കണ്ടതില്‍ നിന്നാണ് ആള്‍മാറാട്ടത്തിനുള്ള ആശയം ഇയാള്‍ക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗഗന്‍ദീപിനെ സഹായിച്ചതിന് 29കാരനായ അശ്വനി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാന്‍ ഒടിപിയും മറ്റും ലഭിക്കാന്‍ സഹായിച്ചത് അശ്വനി കുമാര്‍ ആണ്.
ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് മുമ്ബ് ഗഗന്‍ദീപ് നിരവധി യൂട്യൂബ് വീഡിയോകള്‍ കണ്ടു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ചെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രശാന്ത് ഗൗതം പറഞ്ഞു. ഇതിന് ശേഷം, ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്ബറില്‍ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാന്‍ അയാള്‍ തന്റെ സുഹൃത്ത് വഴി ഒടിപി നേടി. വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി. ഈ അക്കൗണ്ട് ഉപയോഗിച്ച് സഹായങ്ങള്‍ തേടി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ അയച്ചെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതും സംഭവം പുറത്തറിയുന്നതും. തുടര്‍ന്ന് ആള്‍മാറാട്ടം നടത്തുന്ന വാട്ട്‌സാപ് പ്രൊഫൈലിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. സന്ദേശങ്ങള്‍ അയച്ചയാളുടെ ഐപി വിലാസം ഇറ്റലിയിലാണെന്ന് കണ്ടെത്തി. സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ചു, റെയ്ഡ് നടത്തി. തുടര്‍ന്ന് അശ്വനി കുമാര്‍ എന്ന വ്യക്തിയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇയാളിലൂടെ പ്രധാന പ്രതിയിലേക്ക് എത്തി. പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.