കെൽട്രോണിനെ വെള്ളപൂശുന്ന കള്ള റിപ്പോർട്ട് കൊണ്ട് തീവെട്ടിക്കൊള്ള മൂടി വെക്കാനാവില്ല: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുമായി ബന്ധപ്പെട്ട അഴിമതിയിൽ കെൽട്രോണിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ‘സർക്കാരിനൊപ്പം നിൽക്കാത്തതിനാലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത്. മൂന്നാഴ്ച്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെൽട്രോണിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഈ കള്ള റിപ്പോർട്ട് കൊണ്ട് തീവെട്ടിക്കൊള്ള മൂടി വെക്കാനാകില്ലെന്നും പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം. രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.