പഠനത്തില്‍ മിടുക്കിയായിരുന്നു ഫര്‍ഹാന;ഫര്‍ഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ല; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ

single-img
27 May 2023

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഷിബിലിയെ കുറ്റപ്പെടുത്തി പ്രതി ഫര്‍ഹാനയുടെ കുടുംബം.

ഫര്‍ഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മ ഫാത്തിമയുടെ പ്രതികരണം. ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങള്‍ക്കാണ് ഫര്‍ഹാന മോഷണം നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. ഫര്‍ഹാന പൂര്‍ണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്നു ഫര്‍ഹാനയെന്ന് നാട്ടുകാരും പറഞ്ഞു. നേരത്തെ ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ വിവാഹം നടന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യപ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതല്‍ ഇവരെ ചോദ്യം ചെയ്യും. എന്നാല്‍ പ്രതികള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമല്ല സിദ്ധിഖിന്റേതെന്നാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും കൊല്ലപ്പെട്ടതോടെ ഇലക്‌ട്രിക് കട്ടറും ട്രോളി ബാഗും സംഘടിപ്പിച്ച്‌ കൊണ്ടുവന്ന് മൃതദേഹം മാറ്റുകയായിരുന്നു.ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച്‌ സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടല്‍ റിസപ്ഷനോട് ചേര്‍ന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂര്‍ സ്വദേശിയുമായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്ബതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് മൃതദേഹം കണ്ടെത്തിയത്.