ഇപ്പോൾ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളാണ് ഇറങ്ങിയിരിക്കുന്നതെങ്കിൽ ഇനി ഗവർണർക്കെതിരെ കർഷകരും ഇറങ്ങും: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
9 January 2024

സംസ്ഥാന നിയമസഭ പാസാക്കിയ ഭൂ പതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഇനിയും ഒപ്പ് വെയ്ക്കാത്തതിൽ വേറെ ആരെയും പ്രതിയാക്കാൻ പറ്റില്ലെന്നും പ്രതിപക്ഷത്തിന് പങ്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ഇതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നും അത് ബിജെപി രാഷ്ട്രീയം തന്നെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന രാജ്ഭവൻ മാർച്ചിൽ സംസാരിക്കവേ പറഞ്ഞു.

കേരളത്തിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ കേന്ദ്രം ഗവർണറെ തന്നെ ഉപയോഗിക്കുകയാണ്. മൂന്ന് മാസമായി നിയമസഭ ബില്ല് പാസാക്കിയിട്ട്. ഒപ്പിടുന്നത് ഇനിയും നീണ്ടാൽ ഗവർണർക്ക് എവിടെയും പോകാനാവാത്ത പ്രതിഷേധം കേരളം മുഴുവൻ ഉണ്ടാകും. ഇപ്പോൾ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളാണ് ഇറങ്ങിയിരിക്കുന്നതെങ്കിൽ ഇനി കർഷകരും ഇറങ്ങുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നിയമസഭ പാസാക്കിയ ഭൂ പതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് നടക്കുന്ന ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലാണ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിുലെത്തിയത്. ഇതോടെ ഇടുക്കിയിലും ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ ഇടതുമുന്നണി ഹർത്താൽ പുരോഗമിക്കുകയാണ്.