ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; അഡ്വ. സി ഷൂക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

single-img
22 July 2023

കാസർകോട്ടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷൂക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം.

കേസിൽ അഡ്വ. ഷൂക്കൂർ, സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്.

വ്യാജരേഖ ചമച്ചു എന്ന കളനാട് കട്ടക്കാൽ സ്വദേശി എസ് കെ മുഹമ്മദ് കുഞ്ഞി(78)യുടെ ഹർജിയിലാണ് നടപടി. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി. സ്ഥാപനത്തിന്റെ ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും തന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും ഹർജിയിൽ മുഹമ്മദ് പറയുന്നു.

എന്നാൽ, വ്യാജരേഖ നിർമ്മിക്കാൻ കൂട്ടു നിൽക്കുന്ന ആളെല്ല താനെന്ന് അഡ്വ. ഷുക്കൂർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. നോട്ടറി എന്ന നിലയ്ക്ക് പലരും വരാറുണ്ട് ആ കുട്ടത്തിൽ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാവുമെന്നും ഷുക്കൂർ കൂട്ടിച്ചേർത്തു.