മകളുടെ മുന്നിലിട്ട് മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അച്ഛൻ

single-img
24 September 2022

കാട്ടാക്കട:മകളുടെ മുന്നിലിട്ട് മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അച്ഛന്‍ പ്രേമനന്‍ രംഗത്ത്.പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ സങ്കടവും പ്രതിഷേധവും ഉണ്ട്..അറസ്റ്റ് ഇനിയും വൈകിയാല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും.നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹം.ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല.തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപ പ്രചരണം നടക്കുന്നു.ഇത് മക്കളുടെ പഠനത്തെ അടക്കം ബാധിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. മര്‍ദ്ദിച്ച സംഘത്തിലുള്‍പ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേര്‍ത്തു. ഒളിവില്‍ നിന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമ്ബോഴും സമ്മര്‍ദ്ദം ചെലുത്തി കീഴടക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ എസ്‌ഇ എസ്ടി അതിക്രമ നിയമം നിലനില്‍ക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം.

ദൃശ്യങ്ങളില്‍ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എഫ്‌ഐആറില്‍ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേര്‍ത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഞ്ചാമന്‍ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേര്‍ത്തത്. ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവില്‍ ചേര്‍ന്നത്. ദൃശ്യങ്ങളില്‍ നീല വസ്ത്രം ധരിച്ച്‌ കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു

കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വെച്ച്‌ അച്ഛനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മര്‍ദ്ദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച്‌ ക്ഷമാപണം നടത്തിയതായി കെഎസ്‌ആ‍ര്‍ടിസി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പ് നല്‍കി. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കെഎസ്‌ആ‍ര്‍ടിസിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസില്‍ ഉള്‍പ്പട്ടവരുടെ യൂണിയന്‍ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തില്‍ സുരക്ഷകരണങ്ങളാല്‍ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.

മകള്‍ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്ബ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്‌ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച്‌ തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.