ഷാരോണിന്റെ മരണത്തില്‍ വനിതാസുഹൃത്തിന്റെ ശബ്ദ സന്ദേശം പുറത്ത്

single-img
28 October 2022

തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശിയായ യുവാവിന്റെ മരണത്തില്‍ വനിതാസുഹൃത്തിന്റെ ശബ്ദ സന്ദേശം പുറത്ത്.

വനിതാസുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോണ്‍രാജ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ താന്‍ കഷായത്തില്‍ മറ്റൊന്നും ചേര്‍ത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ് അതെന്നും യുവതിയുടെ വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ‘അന്നു രാവിലെയും താന്‍ അത് കുടിച്ചതാണ്. അതിലൊന്നുംകലര്‍ന്നിട്ടില്ല. അന്നായിരുന്നു താന്‍ അവസാനമായി അത് കുടിച്ചതെന്നും യുവതി ഷാരോണ്‍രാജിന്റെ സഹോദരന് അയച്ച്‌ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

‘ഷാരോണെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്..വീട്ടില്‍ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കുന്നു. അതേസമയം, ഷാരോണ്‍ കുടിച്ച ജ്യൂസിന് രുചിവ്യത്യാസം തോന്നിയിരുന്നെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം, ഏത് കഷായമാണ് കുടിക്കാന്‍ കൊടുത്തത് എന്ന് യുവതിയും കുടുംബവും വ്യക്തമാക്കിയിട്ടില്ലെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഈ മാസം 25നാണ് ഷാരോണ്‍ മരിച്ചത്.പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോണ്‍ രാജ് തമിഴ്‌നാട്ടിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ വച്ച്‌ പെണ്‍കുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാന്‍ കൊടുത്തെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോണ്‍ രാജ് ചര്‍ദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛര്‍ദി തുടരുകയായിരുന്നു.

തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി.അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതായി മനസിലാക്കുന്നത്.

നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായില്‍ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഷാരോണ്‍ രാജ് മരിക്കുന്നത്. യുവതിയുമായി ഷാരോണ്‍ പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. യുവതിക്ക് മറ്റൊരു കല്യാണം ഉറപ്പിച്ചിരുന്നെന്നും ഷാരോണിന്‍റ ബന്ധുക്കള്‍ പറയുന്നു. വിളിച്ചുവരുത്തി വിഷം നല്‍കിയതാണെന്ന് സംശയിക്കുന്നതായും ഷാരോണിന്‍റെ അമ്മാവന്‍ മീഡിയവണിനോട് പറഞ്ഞു. മരണത്തില്‍ ദുരൂഹത ഏറെയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഷാരോണ്‍ രാജിന്റെ കുടുംബത്തിന്റെ ആവശ്യം.