3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ അതിജീവിക്കും: ഫിഫ പ്രസിഡന്റ്
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ബിയർ വിൽക്കുന്നതിന് ഖത്തർ ഏർപ്പെടുത്തിയ വിലക്ക് കാണികൾക്ക് ഹ്രസ്വമായ അസൗകര്യമല്ലാതെ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. മാത്രമല്ല ഖത്തർ അധികൃതരും ഫിഫയും സംയുക്തമായാണ് സ്റ്റേഡിയങ്ങളിൽ ബിയർ നിരോധനം ഏർപ്പെടുത്തിയതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ അതിജീവിക്കും. ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. അതിനു ഒരു കാരണമുണ്ടാകാം. ഒരു പക്ഷെ അവർ നമ്മളേക്കാൾ ബുദ്ധിയുള്ളവരായിരിക്കാം- ഇൻഫാന്റിനോ പറഞ്ഞു.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചപ്പോൾ സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കാനുള്ള ഫിഫയുടെ ആവശ്യം ഖത്തർ അംഗീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ തീരുമാനം മാറ്റുന്നത്. എന്നാൽ തത്സമയ സംഗീതവും മറ്റും നടക്കുന്ന പാർട്ടി ഏരിയയായ ഫിഫ ഫാൻ ഫെസ്റ്റിവലിൽ വൈകുന്നേരങ്ങളിൽ കാണികൾക്ക് ആൽക്കഹോൾ ബിയർ കുടിക്കാം എന്നും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ എട്ട് സ്റ്റേഡിയങ്ങളിൽ നോൺ-ആൽക്കഹോളിക് ബിയർ ഇപ്പോഴും വിൽക്കുമെന്ന് ഫിഫ അറിയിച്ചു, അതേസമയം ഷാംപെയ്ൻ, വൈൻ, വിസ്കി, മറ്റ് മദ്യം എന്നിവ അരീനകളിലെ ആഡംബര ഹോസ്പിറ്റാലിറ്റി ഏരിയകളിൽ വിളമ്പും.