ഫുട്ബോൾ വേൾഡ് കപ്പ്; നോക്കൗട്ട് ഇന്നു മുതല്‍


ഫുട്ബോൾ വേൾഡ് കപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് വിരാമമായതോടെ ഇന്നുമുതൽ നോക്കൗട്ട് പോരാട്ടം ആരംഭിക്കും. നോക്കൗട്ടിലെ ആദ്യ പോരാട്ടം ഹോളണ്ടും യുഎസും തമ്മിലാണ്. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8:30-നാണ് മത്സരം.
ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെ ഗ്രൂപ്പ് ജേതാക്കളായാണ് ഹോളണ്ടിന്റെ വരവ്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത പോരാട്ടങ്ങള്‍ അതിജീവിച്ചാണ് യുഎസിന്റെ വരവ്. കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചും നിര്‍ണായക മത്സരത്തില്‍ ചിരവൈരികളായ ഇറാനെ തോല്‍പിച്ചുമാണ് അവരുടെ നോക്കൗട്ട് പ്രവേശനം.
ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഹോളണ്ടിനാണ് മേല്‍കൈ. ഇതുവരെ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ നാലിലും അവര്‍ ജയിച്ചപ്പോള്‍ ഒരു തവണയാണ് ജയം യുഎസിനൊപ്പം നിന്നത്.
10 തവണ ഹോളണ്ട് വലകുലുക്കിയപ്പോള്‍ നേര്‍പകുതി തവണയാണ് യുഎസിന് പന്ത് വലയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ഇരുടീമുകളും പോരാടിച്ചത് 2015 ജൂണിലാണ്. അന്ന് 4-3 എന്ന സ്‌കോറിന് യുഎസ് ആണ് കളംനിറഞ്ഞതും ജയിച്ചതും.
ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്നുള്ള ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഗ്രൂപ്പ് സി ജേതാക്കളായാണ് അര്‍ജന്റീന അവസാന 16-ല്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ 1-2 എന്ന സ്‌കോറിൽ സൗദി അറേബിയയോട് തോറ്റതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന്.
മറുവശത്ത് ആദ്യ മത്സരത്തില്‍ 1-4 എന്ന സ്‌കോറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടു തോറ്റുതുടങ്ങിയ ഓസ്‌ട്രേലിയ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ക്ലീന്‍ഷീറ്റ് നേടി ജയിച്ചാണ് നോക്കൗട്ടില്‍ കടന്നത്.
നേര്‍ക്കുനേര്‍ കണക്കുകളില്‍ അര്‍ജന്റീനയ്ക്കാണ് ആധിപത്യം. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും ലാറ്റിനമേരിക്കന്‍ ടീം ജയിച്ചപ്പോള്‍ ഒരു തവണയാണ് ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി നടത്താന്‍ സാധിച്ചത്. ഒരു മത്സരം സമനിലയിലായി. 12 തവണ അര്‍ജന്റീന വലചലിപ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്കു നേടാനായത് ഏഴു ഗോളുകളാണ്. ഏറ്റവും ഒടുവില്‍ 2007 സെപ്റ്റംബറിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. അന്ന് 1-0 എന്ന സ്‌കോറില്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.