രാജ്ഭവനിൽ ഡെന്റൽ ക്ലിനിക് നിർമ്മിക്കാൻ 10 ലക്ഷം രൂപ വേണമെന്ന ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു


സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ അനുനയ നീക്കവുമായി സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി കൂടെ ഒപ്പിട്ടാൽ ഉടൻ തന്നെ ഉത്തരവിറങ്ങും.
രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തു നൽകിയത്. എന്നാൽ ഈ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നതും, ധനവകുപ്പ് അനുകൂല തീരുമാനം എടുക്കുന്നതും.
ഇത് കൂടാതെ രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സെപ്റ്റംബറിലാണ് കത്തു നൽകിയത്.