സ്ത്രീകൾക്ക് മൊബൈൽ ഫോണ്‍ വാങ്ങുന്നതിനായി 6800 രൂപ ധനസഹായം; പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ
സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് മൊബൈൽ ഫോൺ നൽകാനുള്ള പദ്ധതിക്ക് രാജസ്ഥാൻ സർക്കാർ തുടക്കമിട്ടു.ഇന്ദിരാഗാന്ധി സ്മാർട്ട് ഫോൺ പദ്ധതി എന്ന് പേര് നൽകിയിട്ടുള്ള ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർവഹിച്ചു.
ഇന്റർനെറ്റ് കണക്ഷനോടുകൂടിയാണ് ഫോൺ വരുന്നത്. വീടുകളിലെ കുടുംബനാഥകള്‍ക്ക് ഫോൺ ലഭിക്കും. ഈ പദ്ധതിയുടെ കീഴിൽ ഫോണ്‍ വാങ്ങുന്നതിനായി 6800 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഓരോരുത്തർക്കും ഇഷ്ടമുളള മൊബൈല്‍ ഫോണ്‍ തെരഞ്ഞെടുക്കാം.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഡാറ്റ കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട്‌ഫോണുകളും സിം കാര്‍ഡുകളും ലഭിക്കും. സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സഹിതം മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, പെന്‍ഷന്‍ വാങ്ങുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.