വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവം; കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ
ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുൻ ഭാഗം തകർന്ന സംഭവത്തിൽ കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് റെയിൽവേ. കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സി(ആർപിഎഫ്)ന്റേതാണ് നടപടി.
കഴിഞ്ഞ ദിവസം ഗുജറാത്തിൽ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടിയിൽ രാവിലെ 11.20 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ട്രെയിൻ എഞ്ചിന്റെ മുൻഭാഗം തകർന്നെങ്കിലും യന്ത്രഭാഗങ്ങൾക്ക് തകരാറൊന്നും സംഭവിച്ചില്ലെന്ന് പശ്ചിമ റെയിൽവേ ചീഫ് പിആർഒ സുമിത് താക്കൂർ അറിയിച്ചിരുന്നു.
ട്രാക്കിലൂടെ അലഞ്ഞ പോത്തുകളുടെ ഉടമകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി ഡബ്ല്യുആറിന്റെ മുതിർന്ന വക്താവ് (അഹമ്മദാബാദ് ഡിവിഷൻ) ജിതേന്ദ്ര കുമാർ ജയന്ത് ഇന്ന് പറഞ്ഞു. 1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു.