ഉത്തർപ്രദേശിൽ ബോക്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരിശീലകനെതിരെ എഫ്‌ഐആര്‍
ബോക്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരിശീലകനെതിരെ എഫ്‌ഐആര്‍. യുപിയിലെ കാണ്‍പൂരിലാണ് സംഭവം. ബോക്സിംഗ് വിദ്യാര്‍ത്ഥിനി പീഡനവും ഭീഷണിയും ആരോപിച്ച് പരാതി നല്‍കിയിരുന്നു.
ബോക്സിംഗ് പരിശീലനത്തിനിടെ തന്നെ പരിശീലകന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചെന്നും പ്രതിഷേധിച്ചപ്പോള്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി അവകാശപ്പെട്ടു. സംസ്ഥാനത്തെ പാലിക സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിച്ച ടിഎസ്എച്ച് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലന സെഷനുകളില്‍ പങ്കെടുത്ത പര്‍മാറ്റ് നിവാസിയായ വനിതാ ബോക്സിംഗ് വിദ്യാര്‍ത്ഥിയാണ് പരാതിക്കാരി.
ഗൗരവ് എന്നപേരിൽ അറിയപ്പെടുന്ന ദിവാകര്‍ രജ്പുത് എന്ന കോച്ചിന്റെ കീഴിലാണ് വിദ്യാര്‍ത്ഥിനി പരിശീലനം നടത്തിയിരുന്നത്. തന്നെ ശാരീരികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ പരിശീലകന്‍ ഗൗരവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍, ഗ്വാള്‍ട്ടോളി പോലീസ് കോച്ചിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ കാണ്‍പൂര്‍ ബോക്സിംഗ് അസോസിയേഷന്‍ മൂന്നംഗ ടീമിന് രൂപം നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഗോവിന്ദ് നഗറിലെ ഡിബിഎസ് കോളേജിൽ കാൺപൂർ ബോക്‌സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു യോഗം നടന്നു. കോച്ചിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കുമെന്ന് യോഗത്തിൽ സെക്രട്ടറി സഞ്ജീവ് ദീക്ഷിത് അറിയിച്ചു.