ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് പൂര്‍ണമായി ശമിപ്പിക്കാനായത്.
ഇന്ന് അൽപസമയം മുമ്പാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.
ഇന്ന് ഉണ്ടായത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാൻ കഴിയുമെന്നുമാണ് തൃക്കാക്കര ഫയർ ഓഫീസർ അറിയിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റ് നിലവിൽ അവിടെയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകളെ എത്തിക്കുമെന്നും ആശങ്ക വേണ്ടെന്നും ഫയർ ഓഫീസർ പറഞ്ഞു.