ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ 4 ലക്ഷം രൂപ കണ്ടെത്തി ഫയർഫോഴ്‌സ്

15 August 2024

വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി സംസ്ഥാന അഗ്‌നി രക്ഷാസേന. വെള്ളാർമല സ്‌കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
പ്രദേശത്തെ പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പ്ലാസ്റ്റിക് കവറിൽ ഉണ്ടായിരുന്ന ഇവ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.
500ൻറെ നോട്ടുകൾ ഏഴ് കെട്ടുകളും 100ൻറെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം തുടർ നടപടികൾക്കായി പൊലീസ് ഏറ്റെടുത്തു.