പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം
ഉപയോഗിച്ചിട്ടുള്ള വാക്കുകൾ പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം. ‘2023 ലെ കേരള പൊതുജനാരോഗ്യ ആക്ട്’ എന്ന ബില്ലാണ് സ്ത്രീലിംഗ പദത്തിലെഴുതിയ ബില്ല്. സംസ്ഥാനത്തെ വിവിധ സംഘടനകളുടേയും ആരോഗ്യ വിദഗ്ധരുടേയും, ജനപ്രതിനിധികളുടേയും, പൊതുജനങ്ങളുടേയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് ബിൽ കൊണ്ടുവന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഭ ബിൽ പാസാക്കിയത്. ഇന്ത്യയിൽ എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണുളളത്. എന്നാല്‍ ഈ ബില്ലിൽ സ്ത്രീ ലിംഗമാണ് പ്രയോഗിച്ചിട്ടുളളത്. എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തില്‍ ഉള്‍പ്പെടുമെന്നത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
പുതിയ നിയമ പ്രകാരം ‘ഉദ്യോഗസ്ഥൻ’ (പുരുഷ ഉദ്യോഗസ്ഥനെ വിവരിക്കുന്നതിനുള്ള സർവ്വനാമം) എന്ന് ഉപയോഗിക്കുന്നതിന് പകരം ഓഫീസറെ സൂചിപ്പിക്കുന്നതിന് ‘ഉദ്യോഗസ്ഥ’ (മലയാളത്തിലെ ഉദ്യോഗസ്ഥന്റെ സ്ത്രീലിംഗം) എന്ന പദവും ഉപയോഗിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റേയും മൃഗങ്ങളുമായുളള മനുഷ്യന്റെ ഇടപെടലിന്റേയും ഭാഗമായി ഉയർന്നു വരുന്ന പുതിയ രോഗാണുക്കളേയും വൈറസുകളേയും, പകർച്ചവ്യാധികളേയും ചെറുക്കേണ്ടതിന്റെ ആവശ്യകതയും, ജീവിത ശൈലി രോഗങ്ങൾ തടയുന്നതിന്റെ ആവശ്യകതയും കണക്കിലെടുത്ത് ആണ് ബില്ല് പാസാക്കിയത്.
ഇതോടൊപ്പം തന്നെ പ്രായമായവർ, ഭിന്നശേഷിക്കാർ, കിടപ്പിലായ രോഗികൾ, സ്‌ത്രീകൾ, കുട്ടികൾ, അതിഥി തൊഴിലാളികൾ, പ്രത്യേക ചികിത്സ ആവശ്യമുള്ളവർ എന്നിവരെ കണക്കിലെടുത്താണ് ബിൽ തയാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.