കേരളത്തിനു വേണ്ടി ഡൽഹിയിൽ രണ്ടു പ്രതിനിധികൾ; കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുമോ?


മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായതോടെ കേരളത്തിനു വേണ്ടി ഡൽഹിയിൽ രണ്ടു പ്രതിനിധികൾ ആയി. കെ വി തോമസിന് പുറമെ മുൻ അംബാസഡർ വേണു രാജാമണിയാണ് രണ്ടാമത്തെ പ്രതിയനിധി. രണ്ടു പേർക്കും ക്യാബിനറ്റ് പദവിയും ഉണ്ട്.
2021 സെപ്റ്റംബർ 15 നാണ് നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിക്കുന്നത്. ഇദ്ദേഹത്തിന് 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിൽ ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച തോമസിന് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്ത ബന്ധമാണുള്ളത്. സിൽവർ ലൈൻ അടക്കമുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് ജീവൻ വയ്ക്കാനും കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു. കെ വി തോമസിന്റെ സാന്നിധ്യം ഇതിനു സഹായിക്കുമെന്നാണ് പ്രതീക്ഷ.