ഏഴര വർഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത് ആദ്യമായി: ഫഹദ് ഫാസിൽ
ഏഴര വർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യമായി നേരില്‍ക്കണ്ടുവെന്ന് നടന്‍ ഫഹദ് ഫാസില്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധിയിലെ ഓണം ടൂറിസം ഓണാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫഹദ്.
കേരളത്തിൽ ഇപ്പോള്‍ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാന്‍ പോവുകയാണ്. മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ കാരണമായി ഞാന്‍ കാണുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്.ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. ഒരുപാട് ഓര്‍മകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം.
ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാന്‍ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങള്‍തന്നു. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണെന്നും ഫഹദ് പറഞ്ഞു. കേരളത്തിലെ ടൂറിസം വളര്‍ന്നപ്പോള്‍ അതിനോടനുബന്ധമായി വേറെയും ഇന്‍ഡസ്ട്രികള്‍ വളര്‍ന്നു. ഞാനതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്‌സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കില്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്ല.
ഇടുക്കിയില്ലെങ്കില്‍ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കില്‍ ആമേനില്ല. ഇത്രയും സ്ഥലങ്ങള്‍ മലയാളക്കരയിലുള്ളപ്പോള്‍ തീര്‍ച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കള്‍ പറയാറുണ്ട്.ടൂറിസത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തങ്ങളേപ്പോലുള്ളവര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാന്‍ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഫഹദ് പറഞ്ഞു.