ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
ഫോർട്ട് കൊച്ചിയിലെ നേവി ക്വാർട്ടേഴ്‌സിന് സമീപം നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് ചെവിയിൽ വെടിയേറ്റു. ആലപ്പുഴ ജില്ലയിലെ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ അപകടത്തെ തുടർന്ന് ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്.
അപകടം നടക്കുമ്പോൾ സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.എന്നാൽ ഇതുവരെ വെടിയേറ്റത് തങ്ങളുടെ കയ്യിൽ നിന്ന് പറ്റിയ പിഴവാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നാവികസേനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഇവിടെ സാധാരണഗതിയിൽ പരിശീലനം നടത്തുകയാണെങ്കിൽ നാവികസേനയുടെ അറിയിപ്പ് ഉണ്ടാകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും എത്താത്തതിനാൽ സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.