രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല: മന്ത്രി പി രാജീവ്
സംസ്ഥാനത്തിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികൾ ഇവിടെ ആരംഭിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടേതാണെങ്കിലും അത് ശരിയല്ലെന്നും കണ്ണൂർ തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതികള്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
തലശേരിയിൽ സംഭവിച്ച അവസ്ഥ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. പൂർണ്ണമായ ഒരു വ്യവസായ സംരംഭ സംസ്ഥാനമാണ് കേരളം എന്ന് അവകാശപ്പെടുമ്പോഴും ഇവിടെ അതിന് സാധിക്കുന്ന സ്ഥിതയല്ല എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. അതേസമയം, വിഷയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണം ശരിയല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടി എടുത്തതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ തൊഴിലാളി യൂണിയനുകളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.