ഭക്ഷ്യധാന്യം സൗജന്യമാക്കാന്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രത്തോട് ആവിശ്യപെട്ട് ഭക്ഷ്യമന്ത്രി

single-img
26 December 2022

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം പൂര്‍ണമായി സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രത്തോട് അധികം ആവശ്യപ്പെട്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രകാരം വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി നല്‍കാന്‍ കേന്ദ്രവിഹിതം കൂട്ടേണ്ടതായി വരും. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ അരി ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരിച്ച തുക മൂന്ന് ദിവസത്തിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ എണ്‍പത് കോടി ആളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്ര മന്ത്രിസഭാ കഴിഞ്ഞദിവസം കൈക്കൊണ്ടത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ പദ്ധതി വഴി കോവിഡ് ലോക്ഡൗണ്‍ മുതല്‍ അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കിയിരുന്നു. പദ്ധതി ഈ വര്‍ഷം ഡിസംബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷയുടെ കീഴില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനം. നേരത്തെ സബ്‌സിഡി നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നത്. ആകെ രണ്ട് ലക്ഷം കോടി രൂപ ഒരു വര്‍ഷം ഇതിനായി ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്.