രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കുന്നു; അരിയുടെ കയറ്റുമതി നിരോധിക്കാൻ ഇന്ത്യ
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ വില രാജ്യത്ത് വർധിച്ചതിന് പിന്നാലെ പ്രധാന അരിയുടെ കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവ് മൂലം ആഗോള വില ഇതിനകം തന്നെ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധിക്കാനുള്ള പദ്ധതിയാണ് മോദി സർക്കാർ ആലോചിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഈ നിരോധനം നടപ്പാക്കിയാൽ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന അരിയുടെ കയറ്റുമതിയെ 80 ശതമാനത്തോളം ബാധിക്കും. അത്തരത്തിൽ ഒരു നീക്കം ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാൻ സഹായിച്ചേക്കാം, എന്നാൽ ആഗോള വിലയെ പ്രതികൂലമായി ബാധിച്ചേക്കാം.
ലോകജനസംഖ്യയുടെ പകുതിയോളം പേരുടെയും മുഖ്യാഹാരമാണ് അരി. ആഗോള അരിയുടെ 90 ശതമാനവും ഉപയോഗിക്കുന്നത് ഏഷ്യയാണ്. രാജ്യത്തെ പ്രധാന നെല്ലുൽപാദന പ്രദേശങ്ങളിലെ മഴയുടെ പതിവ് രീതി തെറ്റിയുള്ള പെയ്ത് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ധാന്യത്തിന്റെ വില 20% വരെ ഉയർത്തിയതായി ഇക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിരോധനത്തിന് സാധ്യതയുള്ള വാർത്തകളെ തുടർന്ന് ഇന്ത്യൻ റൈസ് മില്ലർമാരുടെ ഓഹരികളിൽ ഇതിനോടകം തന്നെ ഇടിവ് ഉണ്ടായി.
രാജ്യത്തെ ഏറ്റവും വലിയ അരി കമ്പനിയായ കെആർബിഎൽ ലിമിറ്റഡിന് 3.7 ശതമാനത്തോളം ഇടിവാണ് ഉണ്ടയാത്. ചമൻ ലാൽ സെറ്റിയ എക്‌സ്‌പോർട്ട് ലിമിറ്റഡ് 1.4 ശതമാനവും കോഹിനൂർ ഫുഡ്‌സ് ലിമിറ്റഡ് 2.9 ശതമാനവും ഇടിഞ്ഞപ്പോൾ എൽടി ഫുഡ്‌സ് ലിമിറ്റഡിന് 4.4 ശതമാനവും ഇടിവ് സംഭവിച്ചു.