പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും ഇടമില്ല; കലയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ

single-img
2 July 2024

ആലപ്പുഴ മാന്നാറിൽ നിന്ന് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണ് എന്ന അനുമാനത്തിൽ പൊലീസ് ഇപ്പോൾ മുന്നോട്ട് പോകുമ്പോൾ ഭർത്താവായിരുന്ന അനിൽ സംശയത്തിന്റെ നിഴലിലാണ്. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിൽ കലയെ കാണാതായതിന് ശേഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു.

എന്നാൽ കലയുടെ തിരോധാനം ഒരു കൊലപാതകമാണോ എന്നതില്‍ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും ഇടമില്ലായിരുന്നു. കലയെ കാണാതായ ശേഷം , അവർ അനിലിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതായി ഭർത്താവ് പ്രചരിച്ചിരുന്നുവെന്ന് നാട്ടുകാർ ഒരു ചാനലിനോട് പ്രതികരിച്ചു.

വിത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്ന കലയുടെയും അനിലിന്റെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ ജോലിക്കായി അനിൽ വിദേശത്തേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അധികം വൈകാതെ കലയെ കാണാതായി.

അതേസമയം, കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് പിന്നീട് അനിൽ പൊലീസിൽ മൊഴി നൽകിയത്. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാനക്കേസിലെ അന്വേഷണവും അവസാനിച്ചു. പക്ഷെ ഇപ്പോൾ 15 വർഷത്തിനിപ്പുറം അനിലിന്റെ ബന്ധുക്കളായ നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തുകളിൽ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന അനുമാനത്തിൽ പൊലീസ് എത്തിയതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിലിന്റെ നാല് ബന്ധുക്കൾ അറസ്റ്റിലാകുന്നതും.

കലയെ കൊലചെയ്ത ശേഷം അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്. ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.