മന്ത്രിമാരുടെ വിദേശയാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല; എം. വി. ഗോവിന്ദൻ

single-img
13 September 2022

സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ചെന്നൈയിൽ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച ശേഷം മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്ക് സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ പര്യടനം ആവശ്യമുള്ള കാര്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസമാണ് യൂറോപ്പ് സന്ദർശിക്കുന്നത്. ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം.

ഫിൻലാൻഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ്. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി.പി. ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.