അണ്ണാ ഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് കനത്ത തിരിച്ചടി

single-img
23 February 2023

അണ്ണാ ഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് കനത്ത തിരിച്ചടി

പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ഇടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ പനീര്‍സെല്‍വം പക്ഷം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പാര്‍ട്ടിയുടെ നിയമാവലിയില്‍ ജനറല്‍ കൗണ്‍സില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായത്‌. പനീര്‍സെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിനു പുറമെ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവിയും ഇരട്ട നേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറല്‍ കൗണ്‍സില്‍ കൈകൊണ്ടിരുന്നു. സുപ്രീം കോടതിയുടെ വിധിയിലൂടെ ഈ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുകയാണ്.

ഇപിഎസിനെ സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ സമ്ബൂര്‍ണ വിജയമാണിത്. അദ്ദേഹത്തിന്റെ അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തടക്കം ആഘോഷം തുടങ്ങി. കേസില്‍ കക്ഷി ചേരാന്‍ താത്പര്യം അറിയിച്ചുള്ള മറ്റ് ഹര്‍ജികളൊന്നും സുപ്രീം കോടതി പരിഗണിച്ചില്ല.