പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചത്; സീതാറാം യെച്ചൂരി

single-img
4 September 2022

ദില്ലി: പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി.

കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു കെ കെ ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്‍റ് രമണ്‍ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനായിരുന്നു കെ കെ ശൈലജയെ പരിഗണിച്ചത്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്‌സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.