മണിപ്പൂരില്‍ ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു

single-img
6 May 2023

മണിപ്പൂരില്‍ സംഘ‌ര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു.

ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന് എആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. അതിനിടെ, മണിപ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളില്‍ 9 പേരെ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച നാട്ടിലെത്തിക്കും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. സൈന്യത്തെ നിയോഗിച്ചിട്ടുള്ളതിനാല്‍ സംഘര്‍ഷം കുറ‍ഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങള്‍ തുടരുകയാണെന്നും സിപിഎം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍, സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്രസര്‍ക്കാരിനും അതൃപ്തിയുണ്ട്.

പതിമൂവായിരം പേരെയാണ് സൈന്യം മണിപ്പൂരിലെ കലാപ മേഖലകളില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചത്. ഇവരെ സൈനിക ക്യാമ്ബുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംഘര്‍ഷം വ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തു. ചുരാചന്ദ്പ്പൂരില്‍ സൈന്യം ഒഴിപ്പിക്കല്‍ നടത്തുമ്ബോള്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ നാല് പേര്‍ വെടിയേറ്റ് മരിച്ചു. ഇംഫാലില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ലെറ്റ്മിന്‍താങ് ഹകോപിനെ വീട്ടില്‍ നിന്ന് വലിച്ച്‌ പുറത്തിറക്കിയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

സംഭവത്തെ ഐആര്‍എസ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ കേന്ദ്രസര്‍വകലാശാലയിലെ 9 പേരെ കൊല്‍ക്കത്ത വഴിയാണ് നാട്ടിലെത്തിക്കുക. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ടു.

അതേസമയം, മണിപ്പൂരിലെ കലാപം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നതാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. സംഘര്‍ഷസാധ്യത മുന്‍കൂട്ടി കാണാനോ, വേഗത്തില്‍ ഇടപെടാനോ കഴിഞ്ഞില്ല. ഇടഞ്ഞു നില്‍ക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളെ സമാധാന ചര്‍ച്ചക്ക് വിളിച്ചില്ലെന്നുതും കേന്ദ്രത്തിന് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അനുച്ഛേദം 355 പ്രകാരം സംസ്ഥാനത്ത് ക്രമസമാധാന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് കുറ്റപ്പെടുത്തിയ സിപിഎം കേന്ദ്രസേന ഉള്ളതിനാല്‍ സംഘര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. സംസ്ഥാനത്ത് സര്‍വകക്ഷിയോഗം വിളിച്ച്‌ സമാധാനം ഉറപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.