സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ വണ്ണിയമ്ബാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു.
11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. സൗജന്യ വിതരണത്തിന് പ്രതീക്ഷിച്ചതിലേറെയും ആളുകള്‍ എത്തിയതോടെയാണ് വന്‍തിരക്കുണ്ടായത്. വയോധികരായ സ്ത്രീകളാണ് മരിച്ചത്. തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പന്‍ എന്നയാളാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
തിരക്കില്‍ നിരവധിപേര്‍ ബോധരഹിതരായി വീണു. ആംബുലന്‍സുകള്‍ എത്തിച്ചാണ് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് തിരുപ്പാട്ടൂര്‍ എസ്പി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.