അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.
ഗവേഷണത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടാവും നാല് വര്‍ഷത്തെ ബിരുദ കോഴ്സിന്റെ ഘടന. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ സാധിക്കും. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രി ആയിരിക്കും നല്‍കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
പിജി കോഴ്സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി
ഓണേഴ്സ് ഡിഗ്രി ഉള്ളവര്‍ക്ക് നേരിട്ട് പിജി കോഴ്സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കണമെന്ന തീരുമാനവും വരുന്നുണ്ട്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികളില്‍ ബിരുദ തലം മുതല്‍ തന്നെ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ലക്ഷ്യം. നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റുമാവും ഉണ്ടാവുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്‌ഡി പ്രവേശനവും സാധ്യമാകും