ഓണക്കോടിക്കൊപ്പം ലഹരി മരുന്നും; തുണിക്കടയിൽ റെയിഡ്, നാല് പേർ അറസ്റ്റിൽ


തിരുവനന്തപുരത്തു വസ്ത്ര വില്പന ശാലയിൽ നടത്തിയ പരിശോധനയിൽ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. തിരുവനന്തപുരം വെമ്പായത്ത് ‘അധോലോകം’ എന്ന പേരിൽ പ്രവർത്തിക്കുന്ന വസ്ത്ര വില്പന ശാലയിലാണ് നാർക്കോട്ടിക് സെൽ പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വെമ്പായം സ്വദേശി റിയാസ് (37), പുല്ലമ്പാറ സ്വദേശി സുഹൈല്‍(25), കോലിയക്കോട് സ്വദേശി ഷംനാദ് (40), കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്.
ഇതരസംസ്ഥാനത്തു നിന്നും വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നു. വസ്ത്ര വില്പനയുടെ മറവിൽ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാൻസാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. അഴൂർ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈൽ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.