ഫ്രാൻസിന്റെ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ഫ്രാൻസിന്റെ സൂപ്പർ താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്ക് കാരണം അദ്ദേഹത്തിന് ഖത്തർ ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു.
തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനുവേണ്ടി തന്റെ കരിയറിൽ 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. വിരമിച്ചെങ്കിലും ക്ലബായ റയൽ മാഡ്രിഡിന് വേണ്ടി താരം കളി തുടരും.
പരിക്ക് പറ്റിയെങ്കിലും ഖത്തർ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ക്ഷണം ബെന്‍സേമ നിരസിച്ചിരുന്നു. ലോകകപ്പ് സ്വന്തമാക്കിയ ഫ്രഞ്ച് മുന്‍ താരങ്ങള്‍ക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവര്‍ക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള ഇമ്മാനുവേല്‍ മാക്രോണിന്‍റെ ക്ഷണമാണ് ബെന്‍സേമ തള്ളിയത്.
അതേസമയം, പരിക്ക് ഭേദമായിട്ടും ബെന്‍സേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസം കാരണമാണ് പിന്മാറ്റമെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പരിക്കിൽ നിന്നും മുക്തനായെന്ന് കാണിക്കാൻ ബെന്‍സേമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ പരിശീലകന്‍ ദെഷാം തയ്യാറായിരുന്നില്ല.