ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു; രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു

single-img
1 June 2023

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണ വിധേയനായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധർ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. എന്നാല്‍, ഇത് അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഇനിമുതൽ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.

തനിക്ക് ഈ കാര്യത്തിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. തനിക്കൊപ്പം വേദനയില്‍ പങ്കുചേര്‍ന്നവരോടും പ്രാര്‍ത്ഥിച്ചവരോടും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം, നേരത്തെ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ നൽകിയ പരാതിയിലുണ്ടായിരുന്നു.