കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല; വിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ
കോൺഗ്രസ് നേതാക്കൾ നടത്തുന്ന തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ.
അതേപോലെ പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്ത് വന്നത്. പക്ഷെ ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് പറയുന്നത്. കെ സുധാകരനെയും സതീശനെയും രക്ഷിക്കാനുള്ള പ്രചാരവേലകളാണിത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഗോവിന്ദന്‍ മാസ്റ്റർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.