സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല ; അന്വേഷണം വേണം: വിഡി സതീശന്‍

single-img
26 April 2024

കേരളത്തിൽ ഇത്തവണ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശക്തമായ ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം മടങ്ങി. ഇത്തരത്തിൽ പോയശേഷം തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

രാവിലെ ആറ് മണിക്ക് മുന്‍പ് തന്നെ പോളിംഗ് സ്റ്റേഷനില്‍ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലസ്ഥലങ്ങളിലും ഉണ്ടായി. മിക്ക സ്ഥലങ്ങളിലും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂര്‍ വരെ ചില വോട്ടര്‍മാര്‍ക്ക് കാത്ത് നില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്.

ഈ കാര്യത്തിൽ ഉദ്യോഗസ്ഥതലത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം ഇക്കുറി കുറയാന്‍ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മൊല്ലപോക്കാണ്.
അതേപോലെ തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയ ബൂത്തുകളില്‍ പോളിംഗ് സമയം ദീര്‍ഘിപ്പിച്ച് നല്‍കിയില്ല.

അടുത്ത കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.