പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷത്തേക്ക് നീട്ടും: പ്രധാനമന്ത്രി

single-img
4 November 2023

ഈ മാസം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാന പ്രഖ്യാപനത്തിൽ, പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷത്തേക്ക് നീട്ടാൻ തന്റെ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുർഗിലും രത്‌ലമിലും നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ ദരിദ്രരാക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു.

“രാജ്യത്തെ 80 കോടി പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്ന പദ്ധതി അടുത്ത 5 വർഷത്തേക്ക് കൂടി ബിജെപി സർക്കാർ വ്യാപിപ്പിക്കുമെന്ന് ഞാൻ തീരുമാനിച്ചു. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എനിക്ക് അത്തരം തീരുമാനങ്ങൾ എടുക്കാനുള്ള ശക്തി നൽകുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

പദ്ധതിയുടെ വിപുലീകരണത്തിലൂടെ പാവപ്പെട്ടവർ ലാഭിക്കുന്ന പണം മറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ഉറപ്പ് എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഢ് സൃഷ്ടിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ദുർഗിലെ തന്റെ റാലിയിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. ബിജെപിയും സംസ്ഥാനത്ത് അഭിവൃദ്ധി ഉറപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. “കോൺഗ്രസ് ഒരിക്കലും പാവപ്പെട്ടവർക്ക് വഞ്ചന അല്ലാതെ ഒന്നും നൽകിയിട്ടില്ല. കോൺഗ്രസ് ഒരിക്കലും പാവങ്ങളെ ബഹുമാനിക്കുന്നില്ല. പാവങ്ങളുടെ വേദനയും കഷ്ടപ്പാടും അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ബിജെപിയുടെ പ്രകടനപത്രിക സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയ ഛത്തീസ്ഗഢ് ബിജെപിയുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. ഈ പ്രകടനപത്രികയിൽ ഛത്തീസ്ഗഡിലെ അമ്മമാർക്കും സഹോദരിമാർക്കും ഇവിടുത്തെ യുവാക്കൾക്കും കർഷകർക്കും ഏറ്റവും വലിയ മുൻഗണന നൽകിയിട്ടുണ്ട്. ഞങ്ങൾ പറയുന്നത് ഞങ്ങൾ ചെയ്യുന്നു എന്നതാണ് ബിജെപിയുടെ ട്രാക്ക് റെക്കോർഡ്.’- പ്രധാനമന്ത്രി മോദി പറഞ്ഞു.