യൂണിഫോം ധരിച്ചെത്തുന്ന എല്ലാ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര; തീരുമാനവുമായി സ്റ്റാലിൻ സർക്കാർ
സ്‌കൂള്‍ യൂണിഫോം ധരിച്ചുകൊണ്ട് എത്തുന്ന മുഴുവന്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇനിമുതൽ തമിഴ്‌നാട്ടില്‍ സൗജന്യ യാത്ര. സംസ്ഥാന ഗതാഗത വകുപ്പ് നല്‍കിയ പാസുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര ലഭിക്കും.
അതേസമയം, 2016 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്‌കൂൾ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. കോവിഡ് വൈറസ് വ്യാപനം കാരണം സൗജന്യപാസ് അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയിരുന്നു. ഇത്തവണ ഇതുവരെ സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടില്ല. അതിനാലാണ് യൂണിഫോം ധരിച്ചവര്‍ക്കും യാത്രാക്കൂലി വേണ്ട എന്ന മാനദണ്ഡം വെച്ചത്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നിര്‍ദേശം നല്‍കി. യൂണിഫോം ധരിച്ചുകൊണ്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുന്ന കുട്ടികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കണ്ടക്ടര്‍മാര്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിലവിൽ തമിഴ്‌നാട്ടിൽ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗവ. ആര്‍ട്സ് ആന്‍ഡ് സയൻസ് കോളേജുകളിലും,പോളിടെക്‌നിക്, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര സൗകര്യമുണ്ട്.