സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം; ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി ശശി തരൂര്‍. ഇന്ന് നടന്ന ദിഗ്‌വിജയ് സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.
അധ്യക്ഷ തെരഞ്ഞെടുപ്പ് ഒരിക്കലും എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണെന്നും തരൂര്‍ തന്റെ സോഷ്യൽ മീഡിയാ ട്വീറ്റില്‍ പറയുന്നു. ഇരുവരും ഔദ്യോഗികമായി നാളെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയായിരുന്നു കൂടിക്കാഴ്ച.
‘ഇന്ന് ഉച്ചയ്ക്ക് ശേഷം ദിഗ്‌വിജയ് സിങ് കാണാനെത്തിയിരുന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടേത് എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണെന്നും ഞങ്ങള്‍ രണ്ടുപേരും സമ്മതിച്ചു. ആര് ജയിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത്’, തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം വരാന്‍ പോകുന്നത് സൗഹൃദ മത്സരമാണെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് നാമനിര്‍ദേശ പത്രിക വാങ്ങുന്നത്. കോംഗ്സിലെ ഹൈക്കമാന്‍ഡ് പ്രതിനിധിയാണോ താങ്കൾ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നും ദിഗ് വിജയ് സിങ് മറുപടി നല്‍കി.