സൗദിയില്‍ ഇനിമുതൽ വനിതാ ടാക്‌സിയിൽ പുരുഷനും യാത്ര ചെയ്യാം; പക്ഷെ ഒരു സ്ത്രീ കൂടെയുണ്ടാവണം
സൗദി അറേബിയയിൽ ഇനിമുതൽ വനിതാ ടാക്‌സി കാറില്‍ പുരുഷന് യാത്ര ചെയ്യണമെങ്കില്‍ പ്രായപൂര്‍ത്തിയായതും ബന്ധുവുമായ ഒരു സ്ത്രീ കൂടി ഉണ്ടാവണം. ശരിയായി നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ അധികൃതർ സ്വീകരിക്കും.
ഇതിനെല്ലാം പുറമെ വളരെ അടിയന്തര ആവശ്യത്തിന് മാത്രമേ ഡ്രൈവര്‍ യാത്രക്കാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പാടുള്ളൂ. ഈ നിയമങ്ങൾ യാത്രക്കാര്‍ക്കും ബാധകമാണ്. ടാക്‌സി വാഹനത്തില്‍ കൃത്യമായി മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരന്‍ പണം നല്‍കേണ്ടതില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കാരം.
മീറ്റര്‍ ഓണാക്കാതെ യാത്ര ചെയ്താൽ അതിനെ സൗജന്യമായിട്ടാകും കണക്കാക്കുക. ഇതോടൊപ്പം തന്നെ, യാത്രക്കാരന്‍ പുകവലിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുക, ഭക്ഷണം കഴിക്കുക, കാറിനോ ഉപകരണങ്ങള്‍ക്കോ കേടുവരുത്തുക, സ്റ്റിക്കറുകള്‍ നീക്കുക പൊതുധാര്‍മിക മര്യാദ പാലിക്കാതിരിക്കുക, ഡ്രൈവറോട് മോശമായി പെരുമാറുക, അക്രമിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളിൽ ഡ്രൈവർക്ക് യാത്ര നിഷേധിക്കാവുന്നതാണ്.
വാഹനത്തിന്റെ ഡിക്കിയിൽ കൊള്ളാത്ത വിധമുള്ള ലഗേജുകൾ വയ്ക്കുക, മദ്യം, മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കളും വാഹനത്തില്‍ കയറ്റുക, എന്നീ കാര്യങ്ങളിൽ ഡ്രൈവര്‍ക്കും യാത്രക്കാരനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.