മായമില്ലാത്ത പപ്പടം ഇനിമുതൽ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാം

single-img
30 August 2022

മലയാളികളെ സംബന്ധിച്ച് ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. പക്ഷെ ഈ പപ്പടം വീട്ടിലുണ്ടാക്കുന്നവർ കുറവായിരിക്കും. സാധാരണ കടകളില്‍ നിന്നും വാങ്ങിയ പപ്പടമാകും എല്ലാവരും ഉപയോഗിക്കുക. എന്നാൽ കടകളിൽ നിന്നും വാങ്ങുന്നവ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുവാനും മറ്റുമായി കാരണം രാസപദാർത്ഥങ്ങൾ ചേർത്താണ് ഇന്ന് ഉണ്ടാക്കുന്നത്.

വീടുകളിൽ കുട്ടികൾക്ക് പോലും ഏറെ ഇഷ്ടമുള്ള പപ്പടങ്ങൾ അവരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമായി ബാധിച്ചേക്കാം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇന്ന് പപ്പടങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ട് അതിനാൽ നിങ്ങൾക്ക് അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ ആർക്കും വീട്ടില്‍ തന്നെ ഉണ്ടാക്കാം.

ഇനി നമുക്ക് എങ്ങിനെയാണ് പപ്പടം ഉണ്ടാക്കുകയെന്ന് നോക്കാം. ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിന് ശേഷം തരി ഇല്ലാതെ നന്നായി അരിച്ചെടുക്കാം. അതിലേക്ക് അൽപ്പം ഉപ്പ്, സോഡാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴക്കണം.

കുഴച്ച പിന്നാലെ മാവിലേക്ക് കുറച്ച് നല്ലെണ്ണ ചേർത്ത് കൊടുക്കാം. മാവിൽ ഒട്ടും വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കണം. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പോലെ നല്ല പോലെ അമർത്തി വേണം മാവ് കുഴച്ചെടുക്കാൻ. ശേഷം മാവ് നീളത്തിൽ ഉരുട്ടിയെടുക്കാം.
പിന്നെ ചെറു കഷ്ണങ്ങൾ ആയി മുറിച്ചെടുക്കണം.

പപ്പടത്തിന് എത്രമാത്രം സൈസ് വേണമൊ അത്രയും നീളത്തിൽ മാവ് മുറിച്ചെടുക്കാം.ഇനി കട്ട് ചെയ്തു വച്ചിരിക്കുന്ന പീസുകൾ ഉരുട്ടി ചെറിയ ബോളുകൾ ആക്കാം. ശേഷം ഈ ഉരുളകൾ മൈദ പൊടിയിൽ മുക്കി നല്ലതുപോലെ പരത്തി എടുക്കണം . നല്ല കട്ടി കുറച്ച് ഏത് ഷേപ്പിൽ വേണമെങ്കിലും പരത്തി എടുക്കാം.ഏതെങ്കിലും പത്രത്തിന്റെ മൂടിവെച്ച് പരത്തി വെച്ച പപ്പടം ഷേപ്പിൽ മുറിച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഈ പപ്പടങ്ങൾ വെയിലത്തിട്ട് ഉണക്കി എടുക്കാം.

ഉണ്ടാക്കുമ്പോൾ ഓരോ വശവും 10 മിനിറ്റ് വീതം മൊത്തം 20 മിനിറ്റ് വെയിലത്തിട്ട് ഉണക്കിഎടുക്കണം. നല്ലരീതിയിൽ വെയിലുള്ള സമയത്ത് വേണം ഇത് ചെയ്യാൻ. ഇതോടെ നിങ്ങളുടെ മുന്നിൽ നല്ല നാടൻ പപ്പടം റെഡി. ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം.