വയനാട് ദുരിതബാധിതർക്കായി ആപ്പ് വഴി ഫണ്ട് സമാഹരണം; ഈ മാസം 31 വരെ നീട്ടാൻ മുസ്‌ലിംലീഗ്
15 August 2024
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.
ലീഗ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും തുടർച്ചയായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത്. വയനാടിനായി 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. ഇതോടൊപ്പം തന്നെ , പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി മേപ്പാടിയിൽ അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 23 കോടിയിലധികം രൂപ ഇതിനകം ആപ്പ് വഴി ലഭിച്ചിട്ടുണ്ട്.