ജി 20 ഉച്ചകോടി; മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങൾ ഷീറ്റ് ഉപയോഗിച്ച്‌ മറയ്ക്കുന്നു

single-img
16 December 2022

മുംബൈ: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ പലതും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഷീറ്റ് ഉപയോഗിച്ച്‌ മറയ്ക്കുന്നു.

ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോഗിച്ച്‌ മറയ്ക്കുന്നത്. എന്നാല്‍ മനപൂര്‍വം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോര്‍പ്പറേഷന്റെ വിശദീകരണം. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകളില്‍ കൂറ്റന്‍ ഷീറ്റുകളും പരസ്യ ബോര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങള്‍ക്ക് മുന്നില്‍ ഷീറ്റുകള്‍ ഉയര്‍ന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ശുചീകരണത്തിനെത്തിയവര്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ മാത്രമാണ് വൃത്തിയാക്കിയതെന്നും ചേരിനിവാസികള്‍ ആരോപിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ശുചിത്വ പരിപാടി ഞങ്ങള്‍ കണ്ടിട്ടില്ല. മുംബൈയിലെ ചേരികള്‍ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ച‌യില്‍ നിന്ന് മറയ്ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ബുധനാഴ്ച, നഗരത്തിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും താജ്മഹല്‍ പാലസ് ഹോട്ടലും ദീപാലങ്കാരത്തില്‍ പ്രകാശിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അമിതാഭ് കാന്ത് എന്നിവരും ജി20 രാജ്യപ്രതിനിധികള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയുടെ നാടോടി നൃത്തവും സംഗീത പാരമ്ബര്യവും വിളിച്ചോതുന്ന രിപാടികള്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയില്‍ എത്തിയത്.

മുമ്ബ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരി പ്രദേശങ്ങള്‍ മറച്ച്‌ മതില്‍ കെട്ടിയത് വലിയ വിവാദമായിരുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്.