ജി 20 ഉച്ചകോടി; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും

single-img
13 November 2022

ദില്ലി : ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനേയും കാണാന്‍ ശ്രമിക്കുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെയാണ് ഇക്കാര്യത്തില്‍ തീരുമാനമാകുക. അതേസമയം സൗദി രാജകുമാരന്‍റെ ഇന്ത്യ സന്ദര്‍ശനം മാറ്റി വച്ചു. ഇന്ത്യയിലെത്തി ഇവിടെ നിന്ന് ജി20 ഉച്ചകോടി നടക്കുന്ന ഇന്തോനേഷ്യയിലെ ബാലിയേക്ക് പോകാമെന്നാണ് ആദ്യ തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. മറ്റൊരു ദിവസം അദ്ദേഹം ഇന്ത്യയിലെത്തും.

എന്നാല്‍ നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പോകുന്നത്. ഇത്തവണത്തെ ഉച്ചകോടി ഇന്ത്യക്ക് പ്രധാനമാണ്. ഇനി ഒരു വര്‍ഷത്തേക്ക് ജി 20 യുടെ അധ്യക്ഷ സ്ഥാനം വഹിക്കാന്‍ പോകുന്നത് ഇന്ത്യയാണ്. ഇപ്പോള്‍ ഈ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യ ഇത് ഏറ്റുവാങ്ങും. ഇന്ത്യക്ക് ശേഷം അധ്യക്ഷ സ്ഥാനം വഹിക്കുക ബ്രസീലാണ്. വികസിത രാജ്യങ്ങളാണ് ഇപ്പോള്‍ ജി 20 യുടെ അധികാരസ്ഥാനത്തുള്ളത് എന്നത് സുപ്രധാനമാണ്.

ദില്ലിയിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിലാകും ജി 20യുടെ സെക്രട്ടേറിയറ്റ് ഇനി പ്രവര്‍ത്തിക്കുക. ഇവിടെ പ്രത്യേക സെക്രട്ടേറിയേറ്റ് ഒരുക്കി കഴിഞ്ഞു. 40 ഓളം ഉദ്യോഗസ്ഥരെയാണ് ഇതിന് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരള കേഡറിലെ ഉദ്യോഗസ്ഥനായിരുന്ന അമിതാഭ് കാന്ത് ആണ് ജി 20 യുടെ ഷേ‍ര്‍പ്പാ ആയി പ്രവ‍‍ര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

അതേസമയം ജി 20 ഉച്ചകോടിയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച്‌ പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. നേരത്തേ റഷ്യ – യുക്രൈന്‍ സങ്കര്‍ഷം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യ ഇടപെടുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അതിനുള്ള സമയമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയങ്കര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ ജി 20 ഉച്ചകോടിക്ക് എത്തില്ല. പകരം വിദേശകാര്യമന്ത്രി സര്‍ഗെ ലാവ്രോവ് ആണ് എത്തുക. കൊവിഡിന് ശേഷം ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍, ചൈനയിലെ സ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.