വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ ഡോ:ജി വി വെണ്ണില കോണ്‍ഗ്രസ് സ്ഥാനാര്‍ഥി


തെലങ്കാനയുടെ അന്തരിച്ച വിപ്ലവ ഗായകനും കവിയുമായ ഗദ്ദറിന്റെ മകള്‍ ഡോ:ജി.വി. വെണ്ണില കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സെക്കന്തരാബാദ് കന്റോണ്‍മെന്റ് സംവരണ മണ്ഡലത്തില്‍നിന്ന് മത്സരിക്കും. ഈ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയായ സായണ്ണയുടെ മകള്‍ ലാസ്യ നന്ദിതയാണ് ഭരണകക്ഷിയായ ബി.ആര്‍.എസിന്റെ സ്ഥാനാര്‍ഥി.
മാവോയിസ്റ്റ് പാർട്ടി അനുഭാവിയായിരുന്ന ഗദ്ദര്‍ തന്റെ അവസാനകാലമായപ്പോൾ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കാണുകയും നല്ലബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് വെണ്ണിലയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗദ്ദര്‍ തയ്യാറായിരുന്നില്ല. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. തെലുങ്ക് വിപ്ലവകവിയും ഗായകനുമായ ഗദ്ദര്‍ 2023 ആഗസ്റ്റ് ആറിനാണ് അന്തരിച്ചത്. ഗുമ്മാഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ഥ പേരെങ്കിലും ഗദ്ദര്‍ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.