തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. നിരോധന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആര്‍.എന്‍.
രവി അംഗീകാരം നല്‍കി. ഒക്ടോബര്‍ 17ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ഇത് നിയമമാകും. ഇതോടെ ഓണ്‍ലൈന്‍ ഗെയിമിങ് നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാകുകയാണ് തമിഴ്നാട്. നേരത്തെ തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ ഇവ നിരോധിച്ചിരുന്നു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് വന്‍ സാമ്ബത്തിക നഷ്ടമുണ്ടായി ആത്മഹത്യ പെരുകിയതോടെ ഇതിനെ കുറിച്ച് പഠിക്കാന്‍ റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു. ഐ.ഐ.ടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കരരാമന്‍, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതി ജൂണ്‍ 27ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടര്‍ന്ന്, പൊതുജനാഭിപ്രായം തേടി.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കി. ആഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണ് ഗവര്‍ണറുടെ അംഗീകാരത്തിനയച്ചത്.